പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകള്‍ നരബലിയ്ക്കിരയായി കൊല്ലപ്പെട്ട വീട്ടുപരിസരത്ത് വിശദമായ പരിശോധന നടത്താനൊരുങ്ങി പൊലീസ്. കൂടുതല്‍ പേരെ നരബലിയ്ക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് അറിയാനാണ് പരിശോധന നടത്തുക. ജെസിബി ഉപയോഗിച്ച് പുരയിടത്തില്‍ കുഴികളെടുത്തും മൃതദേഹം കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനയ്ക്കായി ഉപയോഗിക്കും.
പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ച് അവരുടെ സാന്നിദ്ധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടവന്ത്രയില്‍ നിന്ന് കാണാതായ പത്മ, കാലടിയില്‍ നിന്ന് കാണാതായ റോസ്‌ലി എന്നിവരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ പ്രതികളില്‍ നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതുപോലെ അന്വേഷണസംഘത്തോട് പറയാത്ത മറ്റേതെങ്കിലും സംഭവമുണ്ടോ എന്നറിയാനാണ് പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിനിടെ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളുടെ തെളിവെടുപ്പും നടത്തും.