തൃശ്ശൂര്‍: ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജാഗ്രതാനിര്‍ദ്ദേശം. എട്ടുമുനയിലെ ഒരു ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി വൈറസ് കണ്ടെത്തിയത്. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും. ഇവയുടെ സംസ്കാരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വേണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.
പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ പരിസരത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമീപപ്രദേശങ്ങളില്‍ പന്നിയിറച്ചി വില്‍ക്കുന്നതിനും വിലക്കുണ്ട്. ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാറിന്റെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ചേര്‍പ്പ് പഞ്ചായത്തിലെ പന്നി ഫാമില്‍ രോഗം സ്ഥിരീകരിച്ചത്.