പത്തനംതിട്ട: എറണാകുളത്ത് നിന്ന് രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തിരുവല്ലയ്ക്ക് സമീപം കുഴിച്ചുമൂടിയതായി പൊലീസ്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശി ഭഗവന്ത് സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലിക്ക് വേണ്ടിയാണ് പ്രതികള്‍ ചേര്‍ന്ന് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നരബലി നടത്തിയതെന്നാണ് വിവരം.
സ്ത്രീകളെ വശീകരിച്ച് ദുര്‍മന്ത്രവാദത്തിനായി ഏജന്റായ ഷാഫിയാണ് തട്ടിക്കൊണ്ടുപോയത്. മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ തിരുവല്ലയില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ സിഗ്നല്‍ പത്തനംതിട്ടയിലാണ് കാണിച്ചത്. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.