ബെംഗലൂരു: യൂബര്‍, ഒല, റാപ്പിഡോ കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കര്‍ണ്ണാടക സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതായി ചൂണ്ടിക്കാട്ടി യാത്രക്കാര്‍ നിരന്തരമായി പരാതി ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സര്‍വ്വീസുകള്‍ നിര്‍ത്താലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും പിന്നീടുള്ള അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയുമാണ് നഗരത്തിലെ സാധാരണ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഈടാക്കുന്നത്. എന്നാല്‍ യൂബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സര്‍വ്വീസിന് ഈടാക്കുന്നത്. ഒരു കിലോമീറ്ററിന് 100 രൂപ നിരക്കില്‍ അധികത്തുക ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് കുത്തനെ ഉയരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്.
ബെംഗലൂരുവിലെ തങ്ങളുടെ സര്‍വ്വീസുകള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടീസിന് മറുപടി നല്‍കുമെന്നും റാപ്പിഡോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യൂബറും ഓലയും നോട്ടീസിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.