
ബെംഗലൂരു: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന ആരോപണം നിഷേധിച്ച് രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും മുതിര്‍ന്ന നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. റിമോട്ട് കണ്‍ട്രോള്‍ എന്ന് അവരെ വിശേഷിപ്പിക്കുന്നത് രണ്ട് പേരെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അധ്യക്ഷനായി ആര് വന്നാലും അവരെ ഗാന്ധി കുടുംബം നിയന്ത്രിക്കുമെന്ന ആക്ഷേപങ്ങള്‍ക്ക് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കര്‍ണ്ണാടകയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.