
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തിനിടയാക്കിയ ലൂമിനസ് എന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസിനെതിരെ (ജോമോന്‍) നരഹത്യാക്കുറ്റം ചുമത്തിയതായി പൊലീസ്. അറസ്റ്റിലായ ജോമോനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി ആര്‍.അശോകന്‍ പറഞ്ഞു. അതിനിടെ ജോമോന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചു.
ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധന നടത്തും. ജോമോനെതിരെ നേരത്തെയും കേസുള്ളത് പരിശോധിക്കും. അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ജോമോനെ ഡ്രൈവറായി നിയോഗിച്ചതിന് ബസ് ഉടമ അരുണിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് കൊല്ലം ജില്ലയിലെ ചവറയില്‍ നിന്ന് ഇയാളെ പൊലീസ് സംഘം പിടികൂടിയത്.
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകനും കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു ദാരുണസംഭവം.