ഭീകരവാദം നിര്‍ത്താതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല; കശ്മീരില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അമിത് ഷാ

ശ്രീനഗര്‍: ഭീകരത തുടരുന്ന പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പകരം, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബാരാമുള്ളയിലെയും കശ്മീരിലെയും ജനങ്ങളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരാമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ കശ്മീരില്‍ ഭീകരതയും വിഘടനവാദവുമാണ് പിന്തുണച്ചതെന്നും എന്നാല്‍ ബിജെപി തൊഴില്‍ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയില്‍ നടത്തും. 1990 മുതല്‍ കശ്മീരില്‍ ഭീകരവാദം കാരണം 42,000 പേര്‍ മരിച്ചു. ഭീകരവാദം തൂത്തെറിഞ്ഞ് രാജ്യത്ത് ഏറ്റവുമധികം സമാധാനം പുലരുന്ന സ്ഥലമായി മോദി സര്‍ക്കാര്‍ കശ്മീരിനെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

ഒമര്‍ അബ്ദുള്ളയുടെയും മെഹബൂബ മുഫ്തിയുടെയും കുടുംബങ്ങള്‍ക്കും നെഹ്‌റു കുടുംബത്തിനും കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം സ്വതന്ത്രമായതിന് ശേഷം ദീര്‍ഘനാള്‍ ഇവരാണ് ജമ്മു കശ്മീര്‍ ഭരിച്ചത്. പക്ഷേ വികസനമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുത്ത 30,000 ജനങ്ങള്‍ ഇപ്പോള്‍ ഭരണത്തില്‍ പങ്കാളികളാണ്. മുന്‍പ് ഈ മൂന്നു കുടുംബങ്ങള്‍ മാത്രമാണ് ഭരണത്തില്‍ ഇടപെട്ടുകൊണ്ടിരുന്നതെന്നും ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 കാരണം ജമ്മു കശ്മീരില്‍ എസ്.എസി, എസ്.ടി സംവരണം ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഗുജ്ജര്‍, ബകര്‍വാലി, പഹാഡി സമുദായക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്ന് അമിത് ഷാ അവകാശപ്പെട്ടു.