
ഹൈദരാബാദ്: ദേശീയ രാഷ്ട്രത്തിലേക്കുള്ള പ്രവേശനമുറപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. നിലവിലെ തെലങ്കാന രാഷ്ട്രസമിതിയെന്ന പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്നാണ് അറിയപ്പെടുക. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ട്ടി യോഗത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കാനാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്രശേഖര്‍ റാവു ലക്ഷ്യമിടുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയ്ക്ക് പുറത്ത് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. വരുന്ന ഒന്‍പതാം തീയതി ഡല്‍ഹിയില്‍ വെച്ച് പൊതുയോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ടിആര്‍എസ് രൂപീകരിച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചന്ദ്രശേഖര റാവു കടക്കുന്നത്. ടിആര്‍എസിനെ ബിആര്‍എസ് എന്ന പുതിയ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ അവതരിപ്പിച്ച പ്രമേയം വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും എത്തിയിരുന്നു. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഇരുപത് എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.