ടോക്യോ: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയയുടെ പ്രകോപനം. ആണവായുധ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ജപ്പാനില്‍ നിന്നും 1860 മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് പരിഭ്രാന്തിയുയര്ന്ന ജപ്പാനില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കന്‍ ജപ്പാന് മുകളിലൂടെയായിരുന്നു മിസൈല്‍ പരീക്ഷണം.
വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വ്വീസുകളെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങളെ ഒഴിപ്പിച്ച് ഷെല്‍ട്ടറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജപ്പാന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. നിരവധി പേരെ ഭൂഗര്‍ഭ അറകളിലേക്കും മാറ്റിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജപ്പാന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഉത്തര കൊറിയയുടെ നടപടിയെ ജപ്പാന് പ്രധാനമന്ത്രി ഫിമിയോ കിഷിദേ അപലപിച്ചു. പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2017-ന് ശേഷം ആദ്യമായാണ് ജപ്പാനിലേക്ക് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഉത്തര കൊറിയയെ ഐക്യരാഷ്ട്രസംഘടന നിരോധിച്ചിട്ടുള്ളതാണ്.