ജമ്മു കശ്മീരില്‍ എട്ട് മണിക്കൂറിനിടെ രണ്ട് ഉഗ്രസ്‌ഫോടനങ്ങള്‍; ബസ് പൊട്ടിത്തെറിച്ചു

ഉധംപൂര്‍: ജമ്മു കശ്മീരിലെ രണ്ടിടത്ത് ബസുകളില്‍ സ്‌ഫോടനം. ഉധംപൂര്‍ നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലും ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിലുമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആദ്യസ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനവും.

ആദ്യസ്‌ഫോടനം ഇന്നലെ രാത്രി പത്തരയ്ക്കും രണ്ടാമത്തെ സ്‌ഫോടനം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയുമായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. ഒക്ടോബര്‍ നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ അമിത് ഷായുടെ പരിപാടികള്‍ സെപ്റ്റംബര്‍ 30-നും ഒക്ടോബര്‍ ഒന്നിനും രണ്ടിനുമായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് പിന്നീട് അത് നാലാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.