ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് മീറ്റിങ്ങിലാണ് സുപ്രധാന തീരുമാനം. സെപ്റ്റംബര്‍ 27 മുതല്‍ ലൈവ് സ്ട്രീമിങ് ആരംഭിക്കും.
ആദ്യഘട്ടത്തില്‍ യൂട്യൂബിലൂടെയാകും ലൈവ് സ്ട്രീമിങ് നടത്തുക. പിന്നീട് ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിന് സ്വന്തമായി വെബ്കാസ്റ്റ് ചാനല്‍ ആരംഭിക്കും. കഴിഞ്ഞദിവസം മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്സിങ്, ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
നേരത്തെ, 2018-ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഭരണഘടനപരമായി പ്രാധാന്യമുള്ള കേസ്സുകളുടെ തത്സമയ സംപ്രേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് തീരുമാനിച്ചത്. നിലവില്‍ ഗുജറാത്ത്, കര്‍ണ്ണാടക, പാട്ന, ഒറീസ, ജാര്‍ഖണ്ഡ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.