
ആലപ്പുഴ: തീരദേശത്തിന്റെയും മല്‍സ്യത്തൊഴിലാളികളുടെയും നിലനില്‍പ്പിന് ഭീഷണിയായ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കരുതെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ജനബോധനയാത്ര’ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ പെരുന്തോട്ടം. ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിസ്ഥിതിക്കും ജനങ്ങളുടെ ശരിയായ വികസനത്തിനും ഉതകുന്ന പദ്ധതികളേ നടപ്പാക്കാവൂ. ഇക്കാര്യത്തില്‍ സമഗ്രപഠനം നടത്തണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ആലപ്പുഴ ബിഷപ്പ് ജയിംസ് ആനപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനബോധനയാത്രയില്‍ ആയിരക്കണക്കിനാളുകള്‍ അണിചേര്‍ന്നു.