
തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. ഒരു സ്‌കൂട്ടറും തകര്‍ന്നു. ഷീറ്റുകള്‍ മുഴുവന്‍ നിലത്തുവീണു.
ഇന്ന് രാവിലെ ഏഴ് മണിയോടെ അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാജിയുടെയും പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ദേഹത്തേക്കാണ് ഇരുമ്പ് ഷീറ്റുകള്‍പതിച്ചത്. ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.
മലപ്പുറത്തുനിന്നു ചാവക്കാടേക്ക് പോവുകയായിരുന്നു ലോറി. മതിയായ സുരക്ഷയില്ലാതെയാണു ഷീറ്റുകള്‍ കൊണ്ടുവന്നതെന്നാണു നിഗമനം. അപകടമുണ്ടായ ഉടന്‍ ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞു. ഭാരമേറിയ ഷീറ്റുകള്‍ മുഴുവനും നിലത്തുവീണ നിലയിലാണ്.