മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ജനറല്‍ ജി.വി.ആര്‍ ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം എപ്പോഴാണ് വധശ്രമം നടന്നത് എന്നതില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുടിന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുരക്ഷാ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുടിന്‍ തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയതായി മറ്റൊരു വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വസതിയിലേക്കുള്ള യാത്രയ്ക്കിടെ, കുറച്ചകലെ വെച്ച് അകമ്പടി പോയ കാറിനെ ഒരു ആംബുലന്‍സ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അകമ്പടി പോയ രണ്ടാമത്തെ കാറിനും മറ്റൊരു രീതിയില്‍ തടസ്സം നേരിട്ടു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ജീവന്‍ അപകടത്തിലാണെന്നുമുള്ള നിരവധി അഭ്യൂഹങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താന്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടതായി 2017-ല്‍ ഒരു പൊതുപരിപാടിയ്ക്കിടെ പുടിന്‍ വെളിപ്പെടുത്തിയിരുന്നു.