
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ വടക്ക് ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.