ന്യൂഡെല്‍ഹി: പശ്ചിമഘട്ട സംരക്ഷത്തിനുള്ള, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം വരുമ്പോള്‍ ഹര്‍ജി നല്‍കാമെന്നും കോടതി പറഞ്ഞു.
കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കര്‍ഷകശബ്ദം’ എന്ന സംഘടന നല്കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
പശ്ചിമഘട്ട കരട് വിജ്ഞാപനത്തിനെതിരെ 2020-ലാണ് കര്‍ഷകശബ്ദം സുപ്രീം കോടതിയെ സമീപിച്ചത്. പശ്ചിമഘട്ടത്തിന്റെ സംരക്ഷത്തിനായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം, കേരളത്തിലെ 123 ജനവാസ ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിജ്ഞാപനം ഈ ഗ്രാമങ്ങളിലെ കര്‍ഷകരുടെ ജനജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും അതിനാല്‍ കരട് വിജ്ഞാപനം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.