ബെംഗലൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടങ്ങിയ ഡോക്ടര്‍ രോഗിയുടെ ശസ്ത്രക്രിയ നടത്താനായി ആശുപത്രിയിലേക്ക് ഓടിയത് മൂന്ന് കിലോമീറ്റര്‍. സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ബെംഗലൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോല്‍പിച്ചത്.കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പുറത്തറിയുന്നത്.
പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാളുടെ ശസ്ത്രക്രിയയാണ് നിശ്ചയിച്ചിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഡ്രൈവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍ജാപുര-മാറത്തഹള്ളി റോഡില്‍ എത്തിയപ്പോള്‍ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് കൂടി മതിയായിരുന്നു. എന്നാല്‍ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാന്‍ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്ന് മനസലായതോടെ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ പ്രയാസമൊന്നും തോന്നിയില്ല. ആംബുലന്‍സുകള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗത പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ അത്യാഹിതങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഇതിന് മുമ്പും ബെംഗലൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച് ഡോ.ഗോവിന്ദ് നടന്നിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.