സോള്‍: ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന നിയമം ഉത്തരകൊറിയ പാസ്സാക്കി. സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ തീരുമാനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി.
ഭൂമിയില്‍ ആണവായുധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, സാമ്രാജ്യത്വവും യു.എസിന്റെയും അതിന്റെ അനുയായികളുടെയും ഉത്തരകൊറിയന്‍ വിരുദ്ധ കുതന്ത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം രാജ്യത്തിന്റെ ആണവശക്തിയെ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പാത ഒരിക്കലും അവസാനിക്കുകയില്ലെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കി.
ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. ന്യൂക്ലിയര്‍ ടെക്നോളജി മറ്റ് രാജ്യങ്ങളുമായി പങ്കിടുന്നതും പുതിയ നിയമം നിരോധിച്ചിട്ടുണ്ട്.
ഉപരോധങ്ങള്‍ മറികടന്ന് 2006-2017 കാലയളവില്‍ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സൈനിക, മിസൈല്‍ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ അയല്‍ക്കാരായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.