മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറാഴ്ച ഡല്‍ഹിയില്‍ തുടര്‍ന്നതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു.ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേരളത്തിലെത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവുള്ളൂ എന്ന യു.പി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.
അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ശേഷം കൊല ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജണ്ട വ്യാപിപ്പിക്കാന്‍ കാപ്പന്‍ ശ്രമിച്ചതായും കാപ്പന്റെ ലേഖനങ്ങള്‍ മുസ് ലിം സമുദായത്തിനുള്ളില്‍ പ്രകോപനം സൃഷ്ടിക്കുന്നവയാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
രണ്ട് വര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. യു.പി സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ സത്യവാങ്മൂലമായി നല്‍കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ് ജാമ്യം അനുവദിച്ചത്.