ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടും; ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന ലോക്ക് ഡൗൺ തുടരണമെന്ന അവശ്യമുന്നയിച്ചു

ന്യൂഡൽഹി:  രാജ്യത്ത്കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ചില സൂചനകളുണ്ടായത്. ആറു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ ധാരണയായി.

ബിഹാർ, ഉത്തർപ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടപ്പോൾ, കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്. എന്നാൽ മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്ന നിലപാടെടുത്തത് ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി യോഗത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങിയത്.

ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർ‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

കുടിയേറ്റത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് യോഗത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, കൊറോണ ഗ്രാമങ്ങളിലേക്ക് പടരാൻ അനുവദിക്കരുതെന്ന് പറഞ്ഞു. ലോക്ക്ഡൗണിൽ ചില മാറ്റങ്ങൾ വേണ്ടി വരുമെന്ന് സൂചന നൽകുന്നതിലൂടെ ഇളവുകളുണ്ടാകുമെന്ന് തന്നെയാണ് അദ്ദേഹം സൂചന നൽകിയത്.

ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. വൈറസിനെ ട്രാക്ക് ചെയ്യാൻ ആരോഗ്യസേതു വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരോടും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.