
തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ ഒഴിവ് വന്ന 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 12-ന് പ്രസിദ്ധീകരിക്കും. 12 മുതല്‍ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമപട്ടിക ഒക്ടോബര്‍ 10-ന് പ്രസിദ്ധീകരിക്കും.
പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഭേദഗതികള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ഫോം 5-ല്‍ ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് നല്‍കണം.
കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് അവ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡുകളിലെയും പട്ടികയാണ് പുതുക്കുന്നത്.