പ്രിയ വര്‍ഗീസ് ബോണ്ട് വ്യവസ്ഥ ലംഘിച്ചു; ഗവേഷണകാലത്തെ ശമ്പളം തിരിച്ച് പിടിക്കണമെന്ന് യു.ജി.സി ക്ക് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് യു.ജി.സിയുടെ ഫാക്കല്‍ട്ടി ഡവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി) മുഖേന പി.എച്ച്.ഡി നേടിയ ശേഷം ബോണ്ട് വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരിക്കെയാണ് നിയമലംഘനത്തിന്റെ മറ്റൊരു വിവരം പുറത്തുവന്നത്. ഗവേഷണ കാലയളവില്‍ യു.ജി.സി വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി യു.ജി.സിക്ക് പരാതി നല്‍കി.

അധ്യാപന രംഗത്ത് ഗവേഷണമികവ് ആര്‍ജ്ജിക്കുന്നതിനായി യു.ജി.സി ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്. ഇതുപ്രകാരം ഇക്കാലയളവില്‍ അധ്യാപകര്‍ക്ക് യു.ജി.സി സ്‌കെയില്‍ ശമ്പളം നല്‍കും. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് ഗവേഷക പഠനത്തിന് നിയോഗിക്കുന്നത്. യു.ജി.സി ഒരു അധ്യാപകന് ഗവേഷണത്തിന് മാത്രം 25 ലക്ഷം രൂപയില്‍ കൂടുതല്‍ ഈ പദ്ധതിയിലൂടെ ചെലവഴിക്കുന്നുണ്ട്. ഇക്കാലയളവില്‍ പകരക്കാരനെ നിയമിക്കുന്നതിനുള്ള ചെലവും യു.ജി.സി വഹിക്കും.

ഗവേഷണം വഴി ആര്‍ജ്ജിക്കുന്ന വൈജ്ഞാനിക സമ്പത്ത് തുടര്‍ന്നുള്ള അധ്യാപനത്തിലൂടെ അതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുമെന്ന ഉറപ്പ് മുദ്രപ്പത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് അവധി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പ്രിയ വര്‍ഗീസ് ഈ കരാര്‍ വ്യവസ്ഥ ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഡെപ്യൂട്ടേഷനില്‍ നിയമിതയായി.

2012 മാര്‍ച്ചില്‍ കേരളവര്‍മ്മ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ പ്രിയ വര്‍ഗീസ് 2015 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ എഫ്.ഡി.പി മുഖേന ഗവേഷണത്തിന് അവധിയിലായിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കി കോളേജില്‍ മടങ്ങിയെത്തിയ ശേഷം 2019 ഓഗസ്റ്റ് മുതല്‍ പ്രിയ വര്‍ഗീസിന് ഡെപ്യൂട്ടേഷന്‍ ശുപാര്‍ശ ചെയ്ത കേരളവര്‍മ്മ കോളേജ് പ്രിന്‍സിപ്പലും ഡെപ്യൂട്ടേഷന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരും ചട്ടലംഘനം നടത്തിയതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി യു.ജി.സിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.