ആലപ്പുഴ: രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ മകന് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട ബന്ധു നിയമന ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മകന് ജോലി കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് കെ.സുരേന്ദ്രന് പ്രതികരിച്ചു.
നിയമനം പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു. തനിക്ക് വേണ്ടി ആരും ഇടപെട്ടിട്ടില്ല. ആ സ്ഥാപനവും ജോലി കിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തെറ്റായ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
കെ.സുരേന്ദ്രന്റെ മകന് കെ.എസ്. ഹരികൃഷ്ണന് രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ ടെക്നിക്കല്‍ ഓഫീസറായി മാനദണ്ഡം മറികടന്നാണ് നിയമനം നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയെന്നും സയന്‍സ് വിഷയത്തില്‍ അടിസ്ഥാനയോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നല്‍കിയെന്നുമായിരുന്നു ആരോപണം.
കഴിഞ്ഞ ജൂണിലാണ് ഹരികൃഷ്ണന് നിയമനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാനശമ്പളം ഉള്‍പ്പെടെ 70,000 രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്.