സില്‍വര്‍ ലൈന്‍ പദ്ധതി: സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. സാമൂഹികാഘാത പഠനം നിലവിലെ ഏജന്‍സിയെ ഏല്‍പ്പിക്കാം. അല്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ വിളിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ആറ് മാസത്തിനുള്ളില്‍ സാമൂഹാകാഘാത പഠനം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാല്‍ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജന്‍സികളുടെ പ്രശ്‌നം കൊണ്ടല്ല പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് വിലയിരുത്തിയ അഡ്വക്കേറ്റ് ജനറല്‍ അതേ ഏജന്‍സികളെക്കൊണ്ട് പഠനം തുടരാമെന്ന് നിയമോപദേശം നല്‍കി.

വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിവിധ ഏജന്‍സികളെക്കൊണ്ടാണ് പഠനം നടത്തുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് സാമൂഹികാഘാത പഠനം തടസ്സപ്പെട്ടത്. സില്‍വര്‍ലൈന്‍ പദ്ധതി എങ്ങനെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്ന് സമരസമിതി വ്യക്തമാക്കി.