സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതി ഉള്‍പ്പെടുത്തിയാണ് വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ പാസ്സാക്കിയത്. ഓഗസ്റ്റ് ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെ ബില്‍ സബ്ജക്ട് കമ്മിറ്റി പാസ്സാക്കിയിരുന്നു.

സര്‍ക്കാരിന് സര്‍വ്വകലാശാലയുമായി ബന്ധപ്പെടാന്‍ പാടില്ല എന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ചാന്‍സലറുടെ യാതൊരു വിധ അധികാരവും ബില്‍ ഇല്ലാതാക്കുന്നില്ല. സേര്‍ച്ച് കമ്മിറ്റി വിപുലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നിര്‍ദ്ദേശിക്കുന്നയാളെ അംഗമാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, പാവകളെ വൈസ് ചാന്‍സലറാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ആര്‍.എസ്.എസിന്റെ കാവിവല്‍ക്കരണം പോലെ സര്‍വ്വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണവും അപകടകരമാണ്. ധിക്കാരപരവും അധാര്‍മ്മികവുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായ നിയമങ്ങള്‍ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.