ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പാന്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ബാങ്കിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നതായാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.
പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് എസ്.ബി.ഐ യോനോ അക്കൗണ്ട് പരിഷ്ക്കരിക്കാനാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്. അല്ലാത്ത പക്ഷം അക്കൗണ്ട് ബ്ലോക്കാക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്ന് സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ report.phishing@sbi.co.in വഴി റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് എസ്.ബി.ഐ അറിയിച്ചു. 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചും പരാതി നല്‍കാവുന്നതാണ്.