ശ്രീറാം വെങ്കിട്ടരാമനെതിരെ സി.ബി.ഐ അന്വേഷണം വേണം; കെ.എം.ബഷീറിന്റെ കുടുംബം ഹൈക്കോടതിയില്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രോറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജറാണ് ശ്രീറാം വെങ്കിട്ടരാമന്‍.