ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരെ ഇളവ് നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിശദമായ മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 11 പ്രതികളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരായി. സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, റിട്ട.പ്രൊഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വര്‍മ്മ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.