ന്യൂഡെല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2019 ഡിസംബറില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ വിസി ഗൂഢാലോചന നടത്തിയെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. എന്നാല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിനെതിരെ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കേരളത്തിലായതുകൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്നും മറ്റിടങ്ങളില്‍ ഇര്‍ഫാന്‍ ഹബീബ് ഇത് ചെയ്യില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അലിഗഡില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഹബീബ് എതിര്‍ത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ തടയാന്‍ ധൈര്യമുണ്ടായില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥാണ്. അവിടെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചാല്‍ എന്തുണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. കേരളത്തില്‍ ഇര്‍ഫാന്‍ ഹബീബിന് എന്തും ചെയ്യാം. പ്രത്യയശാസ്ത്രപരമായ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. വൈസ് ചാന്‍സലറായുള്ള അദ്ദേഹത്തിന്റെ പുനര്‍നിയമനം അതിനുള്ള പ്രതിഫലമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയനീക്കമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ബില്‍ പരിശോധിച്ച ശേഷം മാത്രമേ ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.