മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല: കെ.സുധാകരന്‍

കോഴിക്കോട്: തീരശോഷണം ഉള്‍പ്പെടെയുള്ള അതിജീവന പ്രശ്‌നങ്ങളിലെ ആശങ്കകള്‍ ഉയര്‍ത്തി മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാരില്‍ നിന്നുള്ള ഔദാര്യത്തിനായല്ല മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. അവരുടേത് ജീവിക്കാനായുള്ള പോരാട്ടമാണ്.

അത് കണ്ടില്ലെന്ന് നടിയ്ക്കുക മാത്രമല്ല, അവരുടെ ജനകീയ പ്രക്ഷോഭത്തെ ആസൂത്രിതമെന്ന് വരുത്തിതീര്‍ക്കുവാനുമുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം പ്രതിഷേധാര്‍ഹമാണ്. തുടര്‍ച്ചയായുണ്ടാകുന്ന കടല്‍ക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. ആ സാഹചര്യം കൂടി പരിഗണിച്ച് തീരദേശ ശോഷണത്തെക്കുറിച്ച് വിശദമായി പഠിച്ച് പരിഹാരമാര്‍ഗ്ഗങ്ങളും പുനരധിവാസ പദ്ധതികളും അടിയന്തരമായി തയ്യാറാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.