പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് നല്‍കിയ പ്രിയ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളേജ് മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കുവാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ല. 2018-ലെ യുജിസി വ്യവസ്ഥപ്രകാരമുള്ള റിസര്‍ച്ച് സ്‌കോര്‍, അംഗീകൃത പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി അഭിമുഖത്തില്‍ തന്നെക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് പ്രിയ വര്‍ഗീസിന് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍, സര്‍വ്വകലാശാല, പ്രിയ വര്‍ഗീസ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.