വി.സിയുടേത് ഗുരുതര ചട്ടലംഘനമെന്ന് നിയമോപദേശം; ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയതില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. വൈസ് ചാന്‍സറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായാണ് രാജ് ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഓഗസ്റ്റ് 25ന് മടങ്ങിവന്നാലുടന്‍ വിസിയ്‌ക്കെതിരെയുള്ള നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വ്വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ചതും അദ്ദേഹത്തിനെതിരെ നിയമനടപടിയ്ക്കായി സിന്‍ഡിക്കേറ്റ് വിളിച്ചു ചേര്‍ത്തതും ഗുരുതരചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത നടപടിയ്ക്ക് ഒരുങ്ങുന്നത്.

നേരത്തെ നിയമനവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍വ്വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തതയില്ലാത്തതിനാല്‍ ധൃതി പിടിച്ചൊരു നീക്കം വേണ്ടെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.