ന്യൂഡെല്‍ഹി: ഇന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷമലിനീകരണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്‌റ്റേറ്റ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ടിന്റെ പഠനത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. തൊട്ടുപിന്നില്‍ കൊല്‍ക്കത്തയും.
ലോകമെമ്പാടുമുള്ള 7,239 നഗരങ്ങളിലെ 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ലഭിച്ച സ്‌ത്രോതസ്സുകള്‍ വിശകലനം ചെയ്തതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണിത് ഈ പഠനറിപ്പോര്‍ട്ട്. നഗരങ്ങളിലെ അന്തരീക്ഷമലിനീകരണം മൂലം നിരവധി ആളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്തെ 20 നഗരങ്ങളില്‍ 18ലും പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5ന് മുകളിലേക്ക് ഉയര്‍ന്നിട്ടുള്ളതായി പഠനങ്ങളില്‍ കാണിക്കുന്നു. ഏറ്റവും ഉയര്‍ന്ന ശരാശരിയായ 2.5 രേഖപ്പെടുത്തിയ നഗരങ്ങളില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്നുണ്ട്.
മലിനീകരണത്തിന് കാരണമാകുന്ന പി.എം. 2.5, നൈട്രജന്‍ ഡയോക്‌സൈഡ് എന്നിവയുടെ അളവ് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2019ല്‍ 7,239 നഗരങ്ങളിലായി 1.7 ദശലക്ഷം മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യ, ആഫ്രിക്ക, കിഴക്കന്‍മധ്യ യൂറോപ്പ് എന്നിവിടങ്ങളിലെ നഗരങ്ങളിലാണ് അന്തരീക്ഷ മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതെന്നും ഗവേഷകരുടെ കണ്ടെത്തലില്‍ ഉണ്ട്.
മലിനീകരണത്തോത് അനുസരിച്ച് റിപ്പോര്‍ട്ടില്‍ നഗരങ്ങളെ ദക്ഷിണേഷ്യ, കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ 21 മേഖലകളായി തിരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഡല്‍ഹിയിലാണ് ഈ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ അന്തരീക്ഷമലിനീകരണം ഉള്ളത്. തൊട്ടുപിന്നില്‍ കൊല്‍ക്കത്ത, നൈജീരിയയിലെ കാനോ, പെറുവിന്റെ തലസ്ഥാന നഗരിയായ ലിമ, ബംഗ്ലാദേശിലെ ധാക്ക, ഇന്തേനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത എന്നിവ ഉള്‍പ്പെടുന്നു.
ഇവിടെ താമസിക്കുന്ന ജനങ്ങള്‍ ആഗോള ശരാശരിയേക്കാള്‍ പലമടങ്ങ് മലിനീകരണത്തിന്റെ കെടുതികള്‍ നേരിടേണ്ടിവരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മലിനമായ വായു ദീര്‍ഘകാലം ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം, സിഒപിഡി, ന്യൂമോണിയ പോലെയുള്ള ശ്വാസകോശരോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങള്‍ക്കും കാരണമാകാം.
അഞ്ച് നഗരങ്ങളിലെ മലിനീകരണം ലോകാരോഗ്യസംഘടന നിശ്ചയിച്ചിരിക്കുന്ന ക്യൂബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം എന്ന പരിധിയേക്കാള്‍ കൂടുതലാണ്. ഈ അഞ്ചില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. 2010 മുതലുള്ള കാലയളവില്‍ പി.എം. 2.5 ന് മുകളില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഇന്ത്യയിലും ഇന്തോനേഷ്യയിലുമാണ്. ചൈന ഇക്കാര്യത്തില്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.