പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന് കോടതി; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തില്‍

കോഴിക്കോട് : ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരായ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നതെന്നും അതിനാല്‍ ഈ കേസില്‍ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്നുമുളള കോടതിയുടെ നിരീക്ഷണമാണ് വിവാദമായത്.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വെച്ചിരുന്നതെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും കോടതി നിരീക്ഷിക്കുന്നു. പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചായിരുന്നു സെഷന്‍സ് കോടതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2020-ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഈ കേസില്‍ സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച് നടത്തിയ നിരീക്ഷണവും വിവാദത്തിലായിരുന്നു. പരാതിക്കാരി പ്രകോപനപരമായി വസ്ത്രം ധരിച്ചതിനാല്‍ കേസ് കുറ്റാരോപിതനെതിരെയുള്ള ലൈംഗികാതിക്രമക്കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞത്.

അതേസമയം പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ കോടതി ഉത്തരവിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.