മോന്‍സണ് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും ഡി.ഐ.ജി.യുടെ വാഹനവും യാത്രാപാസും; മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലും പൊലീസിലെ ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. മോന്‍സണ്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്തിട്ടുള്ളതായി മോന്‍സന്റെ മുന്‍ ഡ്രൈവര്‍ ജെയ്‌സണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്ന് തേങ്ങ കൊണ്ടുവരുന്നതിനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നല്‍കാനുമൊക്കെ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ജെയ്‌സണ്‍ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളതായും ജെയ്‌സണ്‍ വ്യക്തമാക്കുന്നു.

തൃശ്ശൂരില്‍ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മോന്‍സണ്‍ യാത്ര ചെയ്തത് പൊലീസ് വാഹനത്തിലായിരുന്നുവെന്ന് ജെയ്‌സണ്‍ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നപ്പോള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പരിശോധന മറികടക്കാന്‍ ഐജി. ലക്ഷ്മണയുടെ ഒപ്പും സീലും അടങ്ങിയ പാസുകള്‍ ഉപയോഗിച്ചിരുന്നതായും ജെയ്‌സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.