വീണ്ടും വായ്പാനിരക്ക് ഉയര്‍ത്തി എസ്.ബി.ഐ; അര ശതമാനത്തിന്റെ വര്‍ദ്ധന

ന്യൂഡെല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വീണ്ടും വായ്പാനിരക്ക് ഉയര്‍ത്തി. പലിശനിരക്കില്‍ 20 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശയും വര്‍ധിപ്പിച്ചിട്ടുണ്ട്. അര ശതമാനത്തിന്റെ വര്‍ധനയാണ് നടപ്പിലാക്കിയിരിക്കുന്നത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ആര്‍.ബി.ഐ റിപ്പോ നിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ബാഹ്യ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്കില്‍ 20 ബേസിക് പോയിന്റിന്റെ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എസ്.ബി.ഐ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ബാഹ്യ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാനിരക്ക് 7.55 ശതമാനമാണ്. ഇത് 8.05 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 7.15 ശതമാനത്തില്‍നിന്ന് 7.65 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.