ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവം: പൊലീസ് കേസെടുത്തു; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

പത്തനംതിട്ട: ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പത്തനംതിട്ട ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് പോകുംവഴിയാണ് തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജന്‍ (67) ആംബുലന്‍സില്‍ മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കടുത്ത പനി മൂലം ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രാജനെ പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗിയുടെ നില ഗുരുതരമായതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രാജന്‍ മരിയ്ക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. യാത്രാമധ്യേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അത് കേട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. രാജന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.