ഷാജഹാന്‍ വധം: ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല, സി.പി.എമ്മിനെ തള്ളി കാനം രാജേന്ദ്രന്‍

പാലക്കാട്: മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിയ്ക്കട്ടെയെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സമാധാനം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് കണ്ടുപിടിയ്ക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലുള്ള എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൊലപാതകങ്ങള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കൊലപാതകങ്ങള തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യദിനത്തില്‍ സി.പി.ഐ ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു.