തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഈ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17-ന് ശേഷം വിതരണം ചെയ്യും. ആദ്യം അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. പിന്നീട് പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ക്കും അതിന് ശേഷം നീല, വെള്ള കാര്‍ഡുകാര്‍ക്കുമായിരിക്കും വിതരണം ചെയ്യുക. കിറ്റിനൊപ്പം വെളിച്ചെണ്ണ ഉണ്ടാകില്ല. പകരം റേഷന്‍ കട വഴിയാകും ഇത്തവണ വെളിച്ചെണ്ണ വിതരണം ചെയ്യുക.
കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. തുണിസഞ്ചി അടക്കം 14 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇത്തവണത്തെ കിറ്റ് സ്ത്രീകളാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെളിച്ചെണ്ണ പ്രത്യകമായി റേഷന്‍ കട വഴി ലഭ്യമാക്കുന്നതിന് പിന്നിലെ കാരണവും മന്ത്രി വിശദീകരിച്ചു. വെളിച്ചെണ്ണ പാക്കറ്റ് പൊട്ടിയൊഴുകി കിറ്റിലെ മറ്റ് സാധനങ്ങള്‍ മോശമാകാതിരിക്കാനാണ് ഇത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തുതുടങ്ങും. നിശ്ചിത തീയതിയ്ക്കകം കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഏറ്റവുമൊടുവില്‍ നാല് ദിവസം കിറ്റ് വാങ്ങുന്നതിനായി സമയം അനുവദിക്കും.
അതേസമയം സാധനവില അനുസരിച്ച് കിറ്റിലെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന് പുറമേ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നുണ്ട്. 425 രൂപയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചിലവിടുന്നത്. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും സൗജന്യ കിറ്റ് നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഓണത്തിനും സര്‍ക്കാര്‍ സൗജന്യ ഭക്ഷണക്കിറ്റ് നല്‍കിയിരുന്നു. പോയവര്‍ഷം 15 ഇനങ്ങളായിരുന്നു ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയത്.