തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്തുവില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കും. സംസ്ഥാന വികസനത്തെ കേന്ദ്രം പലതരത്തില്‍ തടസ്സപ്പെടുത്തുകയാണ്. വിഴിഞ്ഞം പദ്ധതിയില്‍ അടക്കം തടസ്സങ്ങളാണ്. കേരളത്തില്‍ ഒരു വികസനവും നടക്കേണ്ടതില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ ബഹുജനപ്രക്ഷോഭം നടത്താന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
അതേസമയം ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ചും കോടിയേരി പ്രതികരിച്ചു. കേരളത്തില്‍ ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാരിനെതിരെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. ഗവര്‍ണറുടെ നിലപാടുകള്‍ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സര്‍ക്കാരും ഗവര്‍ണറും യോജിച്ചുപോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. അത്തരത്തിലുള്ള നടപടികളല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യപ്രക്രിയയെ ദുര്‍ബ്ബലപ്പെടുത്തും. ഗവര്‍ണര്‍ തന്നെ പാസ്സാക്കിയ 11 ഓര്‍ഡിനന്‍സുകളാണ് വീണ്ടും പുതുക്കാതെ തിരിച്ചയച്ചിട്ടുള്ളത്. ഗവര്‍ണര്‍ നടത്തുന്നത് കൈവിട്ട കളിയാണെന്നും കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു.