വിവാഹിതരായ പെണ്‍മക്കള്‍ക്കും മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ അവകാശം: കര്‍ണാടക ഹൈക്കോടതി

ബംഗലൂരു: മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുകയ്ക്ക് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹിതരായ ആണ്‍മക്കള്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്ക് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിയ്ക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാഗം അംഗീകരിക്കാനാവില്ല.

ഹുബ്ബാലിയില്‍ വാഹനാപകടത്തില്‍ മരിച്ച 57-കാരിയുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിയ്‌ക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മകനും നഷ്ടപരിഹാരം തേടിയിരുന്നു. 5,91,600 രൂപ ആറു ശതമാനം പലിശയോടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനായിരുന്നു ട്രൈബ്യൂണല്‍ വിധി. എന്നാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് തുക നല്‍കാനാവില്ലെന്ന വാദമുയര്‍ത്തി കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

വിവാഹിതരായ പെണ്‍മക്കളെ ആശ്രിതര്‍ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തിയത്. എന്നാല്‍ ആശ്രിതര്‍ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തിയത്. എന്നാല്‍ ആശ്രിതര്‍ എന്നത് സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവര്‍ മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിങ്ങനെ പല വിധത്തിലാകാം. അതിനെ പണം കൊണ്ടു വിലയിരുത്താനാകില്ലെന്നും കോടതി പറഞ്ഞു.