കൊച്ചി: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം വലിയ ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ഹൈക്കോടതി അവധിയായിരിക്കുന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റോഡിലെ കുഴികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശ്ശേരിയിലെ വാര്‍ത്ത അറിഞ്ഞ അമിക്കസ് ക്യൂറി ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ദേശീയപാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും.
നെടുമ്പാശ്ശേരിയ്ക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍പെട്ട് തെറിച്ച് വീണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിന് മുന്‍പിലുള്ള വലിയ കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്. ഇവിടെ കുഴിയ്ക്ക് രണ്ടടിയോളം താഴ്ചയുണ്ട്. അപകടം നടന്നതിന് പിന്നാലെ ദേശീയപാത അധികൃതര്‍ ഈ കുഴി മൂടിയിരുന്നു.
സംഭവത്തില്‍ ദേശീയപാത അതോരിറ്റിയെ കുറ്റപ്പെടുത്തിയ പൊതുമരാമത്ത് വിഭാഗം മന്ത്രി മുഹമ്മദ് റിയാസ്, ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഴികള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.