നീരൊഴുക്ക് ശക്തം; ഇടുക്കി അണക്കെട്ട് നാളെ രാവിലെ 10-ന് തുറക്കും, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

പൈനാവ്: നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 മണിയോടെയാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് തുറന്നുവിടുകയെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര അടി കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടുമ്പോള്‍ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്ത് മാത്രമാകും തീരുമാനമെടുക്കുക.

ഡാമിലെ അധികജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി എമര്‍ജന്‍സി പ്ലാനിങ് മാനേജര്‍ മൂന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30ന് ഡാം പരിസരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലവിതാനം ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. 10 സ്പില്‍വേ ഷട്ടറുകളും തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടവിട്ടുള്ള മഴയും നീരൊഴുക്കും ശക്തമായതാണ് ജലനിരപ്പ് താഴാതിരിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.