മൂവാറ്റുപുഴ: എം സി റോഡിൽ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപം റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഗര്‍ത്തം വലുതായതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ ചെറിയ കുഴി രൂപപ്പെട്ടത്. സംഭവം അറിഞ്ഞതോടെ പൊലീസ് എത്തി ബാരിക്കേട് വച്ച് അപകടം ഒഴിവാക്കി. തുടർന്ന് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ചെറിയ കുഴി, വലിയൊരു ഗര്‍ത്തമായി മാറി.
കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ മാറിയാണ് വൻഗർത്തം രൂപപ്പെട്ടിരിക്കുന്നത്.റോഡിലെ ടാറിങ്ങ് അടക്കം ഈ ഗര്‍ത്തത്തിലൂടെ ഒലിച്ച് പോയി. ദിവസേന ആയിരക്കണകിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് ഗര്‍ത്തം എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു. ഗര്‍ത്തം അനുനിമിഷം വലുതായതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
ഗര്‍ത്തത്തിന്റെ വലിപ്പം കൂടാന്‍ സാധ്യതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗര്‍ത്തത്തിന്റെ ആഴവും വലിപ്പവും കൂടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന നടത്തുമെന്ന് മാത്യു കുഴനാടൻ എം എൽ എ പറഞ്ഞു.
മൂവാറ്റുപുഴ അപ്രോച്ച് റോഡ് ദേശീയ പാതയുടെ ഭാഗമാണ്. രണ്ട് പാലങ്ങളാണ് ഇവിടെ ഉള്ളത്. ഇതില്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് പഴയ പാലത്തിലൂടെയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത്. ഗതാഗതം പൊലീസിന്റെ നിയന്ത്രണത്തിലാണ്.
മൂവാറ്റുപുഴയില്‍ കാര്യമായ മഴ ഇന്ന് പെയ്തിട്ടില്ലെങ്കിലും മൂവാറ്റുപുഴയാര്‍ പല സ്ഥലങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. ഇന്നലെയും ഇന്നുമായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി മൊത്തം 220 പേരാണുള്ളത്. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കാളിയാറും ഇപ്പോള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ താഴ്ന്നപ്രദേശത്തെ വീടുകളില്‍ വെള്ളം കയറുമെന്ന ആശങ്കയും നിലനില്ക്കുന്നു.