കൊച്ചി: റെയ്‌ഡില്‍ എന്‍.ഐ.എ. പിടിച്ചെടുത്ത തൻ്റെ ഐ ഫോണ്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയിലേക്ക്.
റെയ്‌ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഒന്നു മഹസറില്‍ രേഖപ്പെടുത്താതെ മുക്കിയെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു.
എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ തന്റെ മൊബൈല്‍ തിരിച്ചുവേണമെന്നാണു സ്വപ്‌നയുടെ ആവശ്യം. മാത്രമല്ല, ഫോറന്‍സിക് ലാബില്‍നിന്നു എന്‍.ഐ.എ. കോപ്പി എടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. ബംഗളൂരുവില്‍ സ്വപ്‌ന സുരേഷ് പിടിയിലായതിനു പിന്നാലെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍.ഐ.എ. സ്വപ്‌നയുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കു തെളിയിക്കാനുള്ള നിര്‍ണായക വാട്ട്‌സ്‌ആപ് ചാറ്റുകളും ഇ മെയില്‍ രേഖകളും ഉണ്ടായിരുന്നെന്നും ഇത് എന്‍.ഐ.എ. മുക്കിയെന്നുമാണു സ്വപ്‌നയുടെ ആരോപണം.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലും സ്വപ്‌ന ഇക്കാര്യം പറയുന്നുണ്ട്. ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍.ഐ.എയ്‌ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു എന്‍.ഐ.എ. കോടതിയില്‍ ഹര്‍ജി നല്‍കും.
തന്നെ കാണാനെത്തിയപ്പോള്‍ എം. ശിവശങ്കര്‍ ഈ ഫോണ്‍ ഉപയോഗിച്ചു പുതിയ ഇ മെയില്‍ ഐ.ഡിയുണ്ടാക്കി കോണ്‍സുല്‍ ജനറലിനടക്കം ഇ മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും പലതിനും ഇതില്‍ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു. സ്വപ്‌നയുടെ ആരോപണങ്ങളോട് എന്‍.ഐ.എ. പ്രതികരിച്ചിട്ടില്ല.