സ്വർണക്കടത്ത് കേസ്; സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ, സർക്കാരിനും, മുഖ്യമന്ത്രിക്കും എതിരെ ഉയർന്നത് രൂക്ഷ വിമർശനം. ദുബായ് സന്ദർശന വേളയിൽ മുഖ്യമന്ത്രി ബാഗ് മറന്നത് മുതൽ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പലതലങ്ങളിലേക്ക് ചർച്ച നീങ്ങി. ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ചയിൽ, ഭരണപക്ഷവും ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ, ചോദ്യങ്ങൾക്ക് ഒന്നിനും മുഖ്യമന്ത്രി ക്യത്യമായ മറുപടി പറഞ്ഞില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയിൽ വച്ച് വേവിച്ച വിവാദമല്ലെന്നാണ് ഷാഫി അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്. സ്വപ്നയുടെ ആരോപണങ്ങൾ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കാത്തതെന്നും എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഷാഫി പറമ്പിൽ ഉന്നയിച്ച പ്രധാന പരാമർശങ്ങൾ:

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഗുരുതര പരാമർശങ്ങളുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്. ആ ആരോപണം തെറ്റാണെങ്കിൽ എന്തുകൊണ്ട് സർക്കാരും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസു കൊടുക്കുന്നില്ല?

സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയ കാര്യം ശ്രദ്ധയിൽപ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ, ശ്രദ്ധയിൽപ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

പാലക്കാട്ടെ വിജിലൻസിന് സരിത്തിനെ അറസ്റ്റ് ചെയ്യാൻ ആര് അധികാരം കൊടുത്തു? സ്വപ്നയ്‌ക്കെതിരേ ജലീൽ പരാതി നൽകി. 164 കൊടുത്തതിന്റെ പേരിൽ എന്തിനാണ് കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് എടുക്കുന്നത്? എന്തിനായിരുന്നു സർക്കാരിന്റെ ആ വെപ്രാളം?

ഭരണത്തിന്റെ ഇടനാഴിയിൽ അവതാരങ്ങളുണ്ടാകില്ലെന്ന് മുൻപ് പിണറായി വിജയൻ പറഞ്ഞിരുന്നു. ഭരണത്തിന്റെ ഇടനാഴികളിൽ അവതാരങ്ങളില്ല. അവതാരങ്ങളുടെ ചാകര മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി. ആരാണ് ഷാജ് കിരൺ, ആരാണ് വ്യവസായി ഇബ്രാഹിം? ഇവർക്കെന്താണ് കേസിൽ താൽപര്യം, എന്തിനാണ് അവർ 164 തിരുത്താൻ ശ്രമിക്കുന്നത്. ഷാജ് കിരൺ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനെതിരേയും ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല?

വിജിലൻസ് മേധാവിസ്ഥാനത്തുനിന്ന് എം.ആർ. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ൽ അധികം തവണ തമ്മിൽ സംസാരിക്കാൻ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം? വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയ തസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്? സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല? ഏതെങ്കിലും പൈങ്കിളിക്കഥകൾക്ക് പിന്നാലെയല്ല പ്രതിപക്ഷം. സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ മത്സരിക്കുന്നവരല്ല പ്രതിപക്ഷം സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത്, അവർ പറയുന്നത് കേൾക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എൽ.ഡി.എഫാണ്, ഷാഫി പറഞ്ഞു.