ലോക്ക് ഡൗണിൽ ഓൺലൈൻ മദ്യവിൽപ്പന; കൂടുതൽ അഭികാമ്യമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ മദ്യവിൽപ്പനയാണ് കൂടുതൽ അഭികാമ്യമെന്ന് ചൂണ്ടിക്കാട്ടി ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി. മദ്യശാലകൾ തുറന്നാൽ ആദ്യദിവസങ്ങളിൽ വലിയ തിരക്കിന് സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ബുക്കിം​ഗിനെക്കുറിച്ച് ആലോചിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ ഡിജിപിയോട് നിർദ്ദേശം തേടിയിരുന്നു. മദ്യശാലകൾ തുറന്ന സംസ്ഥാനങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് സർക്കാർ റിപ്പോർട്ട് തേടിയത്. ഓൺലൈൻ ബുക്കിം​ഗിലൂടെയുള്ള വിൽപനയാണ് അഭികാമ്യം എന്നാണ് ഡിജിപി റിപ്പോർട്ട് നൽകിയതെന്നാണ് സൂചന. ഓരോ മണിക്കൂറിലും ഓൺലൈൻ ബുക്കിം​ഗ് നടത്തണം. അതിനായി സോഫ്റ്റ് വെയർ തയ്യാറാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ബുക്കിം​ഗിന്റെ കൂപ്പണുമായി ആവശ്യക്കാർ മദ്യവിൽപനശാലകളിൽ എത്തണമെന്നാണ് നിർദ്ദേശം. തുടർനടപടികൾക്കായി സർക്കാർ ബെവ്കോ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.