കൊലപാതകങ്ങൾക്ക് കാരണം പിണറായിയുടെ നടപടി; കേരളത്തിലെ ഇൻറലിജൻസ് പരാജയം: വി ഡി സതീശൻ

തിരുവനന്തപുരം: കൊലപാതകങ്ങൾക്ക് കാരണം പിണറായിയുടെ നടപടികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിലെ ഇൻറലിജൻസ് സംവിധാനം പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അക്രമങ്ങൾക്ക് കാരണം പിണറായിയുടെ വർഗീയ പ്രീണനമാണ്. അക്രമങ്ങളിൽ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. എന്തു കൊണ്ടാണ് കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾ ഇത്തരം ശക്തികൾക്കെതിരെ സർക്കാർ ഉപയോഗിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ ഇരിക്കുന്നവർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അവരും ഗൂഢാലോചനകളിൽ പങ്കാളികളാണെന്നും സതീശൻ വ്യക്തമാക്കി.

സമ്മേളനങ്ങൾ നടപടി പരസ്പരം കൊലവിളികൾ ഇത്തരക്കാർ നടത്തുന്നുണ്ട്. ആളുകളെ വെള്ളപുതപ്പിച്ച് കിടത്തുമെന്ന് പ്രഖ്യാപിക്കുന്നു. എന്നിട്ട് പോലും കരുതൽ തടങ്കൽ നടപടി സർക്കാർ സ്വീകരിക്കുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിൻറെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് ധ്രുവീകരണമുണ്ടാക്കാൻ മനഃപൂർവമായി വർഗീയ ശക്തികൾ ചെയ്യുന്ന പ്രവർത്തനമാണിത്.

ആർ.എസ്.എസും എസ്.ഡി.പി.യും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. രണ്ട് കൂട്ടരും സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കൽ വാങ്ങൽ നടത്തിയിട്ടുണ്ട്. അതിനാൽ, ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാറിന് സാധിക്കുന്നില്ല. സർക്കാറിൻറെ നിസംഗത ഭയപ്പെടുത്തുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നും വ്യത്യസ്തമായ ഒരു സമാന്തരരേഖയിൽ കൂടിയാണ് രാഷ്ട്രീയം പോകുന്നത്. മുഖ്യധാര രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും വളരെ ഗൗരവത്തോടെയാണ് ഈ വർഗീയ ധ്രുവീകരണത്തെ നോക്കി കാണേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.

ലോക സമാധാനത്തിനായി രണ്ട് കോടി ബജറ്റിൽ വകയിരുത്തിയ സംസ്ഥാനത്താണ് സമാധാന ലംഘനങ്ങൾ മുഴുവൻ ഉണ്ടാകുന്നത്. മനുഷ്യൻറെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതല സർക്കാറിനാണ്. ജനങ്ങളുടെ മനസിൽ അരക്ഷിതബോധമുണ്ട്. എല്ലായിടത്തും മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടകളുമാണ്. പുറത്തിറങ്ങി നടക്കാൻ ജനങ്ങൾക്ക് പേടിയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.