കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കൊല നടന്ന് ഒന്നരമാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്.സി-എസ്.ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഫെബ്രുവരി 12ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ നടന്ന വിളക്കണയ്ക്കല്‍ സമരത്തെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്വന്തം വീട്ടില്‍ വിളക്കണച്ചശേഷം അടുത്ത വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ ദീപുവിന്റെ തലയിലും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പോയാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ദീപു സംഭവം ആരോടും പറഞ്ഞിരുന്നില്ല. അതേസമയം അക്രമികള്‍ വീടിന് മുന്നില്‍ തമ്പടിക്കുകയും ചെയ്തിരുന്നു.
ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛര്‍ദ്ദി രൂക്ഷമാകുകയും ചെയ്തിരുന്നു. രാജഗിരി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 23ന് തൃശൂര്‍ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.