
മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ മൂന്നംഗ സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ അബ്ദുല്‍ മജീദിനെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷുഹൈബ് എന്ന മൂന്നാമത്തെ പ്രതിക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു സംഭവം. വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്.
മജീദും ഷുഹൈബും മാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്. കൗണ്‍സിലറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍.